ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരം പതിനെട്ടിന് നടക്കും. ആലുവ, മുട്ടം, കലൂർ, പേട്ട സ്റ്റേഷനുകളിലാണ് സ്റ്റാർ നിർമ്മാണ മത്സരം. രണ്ട് മണിക്കൂറാണ് സ്റ്റാർ നിർമ്മിക്കാൻ ലഭിക്കുന്ന സമയം. ആലുവ സ്റ്റേഷനിൽ രാവിലെ 8 മുതൽ 10 മണിവരെയും മുട്ടത്ത് 9 മുതൽ 11മണി വരെയുമാണ് മത്സരം. കലൂരിൽ 10 മുതൽ 12 മണി വരെയും പേട്ട സ്റ്റേഷനിൽ 11 മുതൽ ഒരു മണി വരെയും മത്സരം നടക്കും.

ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 5000,3000,2000 രൂപ വീതം സമ്മാനിക്കും. സ്റ്റാർ നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ പങ്കെടുക്കുന്നവർ കൊണ്ടുവരണം. നിർമ്മിക്കുന്ന സ്റ്റാറിന്റെ പരമാവധി വലുപ്പം 1m x 1m ആണ്. മത്സരത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും മത്സരം സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനും കെ എം ആർ എൽ വെബ്സൈറ്റ് സന്ദർശിക്കുക.