സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘സമം’ പരിപാടിയുടെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന വ്യത്യസ്ത കലാ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കണ്‍വീനറുമായാണ് സമിതിയുടെ പ്രവര്‍ത്തനം.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ-സമത്വത്തിന് പ്രതിജ്ഞാബദ്ധമായ പരിപാടികളാണ് വിവിധ തലങ്ങളിലായി സംഘടിപ്പിക്കപ്പെടുക എന്ന് അദ്ദേഹം പറഞ്ഞു.
കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് പദ്ധതി വിശദീകരണം നടത്തി. ആവിഷ്‌കാരങ്ങളിലൂടെ സ്ത്രീ മുന്നേറ്റത്തിനായി ഇടപെടല്‍ നടത്തുന്ന വേറിട്ട പരിപാടികളാണ് ജില്ലയിലുടനീളം നടത്തുക എന്ന് അദ്ദേഹം വ്യക്തമാക്കി.
101 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍ എന്നിവരാണ് രക്ഷാധികാരികള്‍. വൈസ് ചെയര്‍പേഴ്‌സനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, വൈസ് ചെയര്‍മാനായി സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ എസ്. കല്ലേലിഭാഗം, ജോയിന്റ് കണ്‍വീനറായി കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു തുടങ്ങിയവര്‍ പ്രവര്‍ത്തിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, യൂത്ത് വെല്‍ഫെയര്‍ ഓഫീസര്‍ ബിന്ദു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഡി. സുകേശന്‍, കെ. ബി. മുരളീകൃഷ്ണന്‍ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
