കൊച്ചി: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനും സംസ്ഥാന തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന എന്‍ജിനുകളുടെയും വളളങ്ങളുടെയും സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ മത്സ്യഫെഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി ഒമ്പതിന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ നിശ്ചിത കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (FIMS) ല്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ വര്‍ഷത്തെ ലൈസന്‍സ് പുതുക്കിയവരും ആയിരിക്കണം. അപേക്ഷകന്റെ യാനം, എഞ്ചിന്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസന്‍സ്, എഫ്.ഐ.എം.എസ് രജിസ്‌ട്രേഷന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ്സ് ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, പുതിയ എഞ്ചിനാണെങ്കില്‍ അതിന്റെ ഇന്‍വോയ്‌സ്, പഴയ എഞ്ചിനാണെങ്കില്‍ പെര്‍മിറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട പരിശോധനാകേന്ദ്രങ്ങളില്‍ ഹാജരാകണം. പത്ത് വര്‍ഷം വരെ പഴക്കമുളള (2012 ജനുവരി എട്ടിനു ശേഷം വാങ്ങുകയും രജിസ്റ്റര്‍ ചെയ്തിട്ടുമുളളതുമായ) എഞ്ചിനുകള്‍ക്ക് മാത്രമായി മണ്ണെണ്ണ പെര്‍മിറ്റ് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ. സംയുക്ത പരിശോധനയില്‍ ഹാജരാക്കാത്ത എഞ്ചിനുകള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കില്ല. അപേക്ഷാ ഫോറവും മേല്‍പ്പറഞ്ഞ രേഖകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 31 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും മത്സ്യഫെഡ് ഓഫീസ്, അതാത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് 0484-2394476, മത്സ്യഫെഡ് ജില്ലാ ഓഫീസ് 0484 2222511
