ഏലംകുളം ഗ്രാമപഞ്ചായത്തിലെ ജലവിതരണ പദ്ധതിയായ രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 27 ലക്ഷം രൂപയുടെ വകുപ്പ്തല അനുമതി ലഭിച്ചു. പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലെ കൃഷി ആവശ്യത്തിനായി നടപ്പിലാക്കിയ ജലവൈദ്യുതി പദ്ധതിയാണിത്. പ്രളയത്തില്‍ നശിച്ച മോട്ടോറുകളും സ്റ്റാട്ടറുകളും കേബിളുകളും സബ് പാനലുകളും പുന: സ്ഥാപിക്കുന്നതിനും ഇലക്ട്രിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുമാണ് 27.10 ലക്ഷം രൂപയുടെ അനുമതി ലിഫ്റ്റ് ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയത്.

രാമഞ്ചാടിയിലുള്ള പമ്പ് ഹൗസില്‍ 2018 ലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നാല് മോട്ടോറുകള്‍ ഉള്‍പ്പെടെ തകരാറിലായിരുന്നു. തകരാറിലായ മോട്ടോറുകള്‍ പുന:സ്ഥാപിക്കുന്നതും ഇലക്ട്രിഫിക്കേഷനും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കുമാണ് ഇപ്പോള്‍ വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ മുടങ്ങിക്കിടക്കുന്ന രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാവും. പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഏലംകുളം ഗ്രാമപഞ്ചായത്തിലെ കാര്‍ഷികമേഖലക്ക് പുത്തനുണര്‍വ് ലഭിക്കും. പമ്പ് ഹൗസിനുള്ള കെട്ടിട നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. നജീബ് കാന്തപുരം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് തുക അനുവദിച്ചു ഉത്തരവായിരിക്കുന്നത്.