കൊച്ചി മെട്രോയുടെ ക്രിസ്മസ് ആഘോഷ പരിപാടിയായ ഫ്രോസ്റ്റി ഫെസ്റ്റ് 2021ന്റെ ഭാഗമായുള്ള കരോൾ ഗാന മത്സരം പത്തൊൻപതിന് നടക്കും. ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ മെട്രോ സ്റ്റേഷനുകളാണ് കരോൾ ഗാന മത്സരത്തിന് വേദിയാവുക. മത്സരത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് ടീമുകൾക്ക് 10,000, 7500, 5000 രൂപ വീതം സമ്മാനിക്കും. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് പേര് ഉണ്ടായിരിക്കണം. പ്രായഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
ആലുവ മെട്രോ സ്റ്റേഷനിൽ രാവിലെ 10 മുതൽ 11 മണിവരെയും എറണാകുളം സൗത്ത് സ്റ്റേഷനിൽ ഉച്ചക്ക് 12 മുതൽ 1 മണിവരെയുമാകും മത്സരം. വൈറ്റില സ്റ്റേഷനിൽ 3 മണി മുതൽ 4 മണി വരെയും ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ വൈകിട്ട് 5 മണി മുതൽ 6 മണി വരെയും മത്സരം നടക്കും.
മത്സരത്തിനുള്ള രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും മത്സരം സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനും www.kochimetro.org വെബ്സൈറ്റ് സന്ദർശിക്കുക.