ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചിറ്റൂർ മേഖലയിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയോടൊപ്പം കൃഷിയിടങ്ങളിൽ എത്തിയ മന്ത്രി കൃഷിയിടത്തിൽ സജ്ജമാക്കിയിട്ടുള്ള ആധുനിക രീതിയിലുള്ള ജലസേചന സൗകര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. തുടർന്ന് കമ്പാലത്തറ അഗ്രോ പ്രോസ് ഫാമിലെ പ്രിസിഷൻ ഫാമിംഗ് രീതികളും പോളി ഹൗസ് മാതൃകയും സന്ദർശിച്ചു.

സംസ്ഥാനത്തെ ആദ്യ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയായ കരടിപ്പാറയിലെ കൃഷിസ്ഥലങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഫിൽട്രേഷൻ ഹൗസും ജല വിതരണ സംവിധാനങ്ങളും മന്ത്രി കണ്ടു മനസ്സിലാക്കി.
കൃഷിയിൽ നൂതനമായ ആശയങ്ങൾ നടപ്പിലാക്കി ആവശ്യമായ വരുമാനം കർഷകന് ലഭിച്ചാലേ കൃഷി നിലനിൽക്കുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. നല്ല മണ്ണ് , വെള്ളം, പ്രകാശം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് ശാസ്ത്രിയ പഠനം നടത്തണമെന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ കേരളത്തിൽ പരമാവധി ഉത്പാദിപ്പിച്ച് പുതിയ തലമുറയെ കാർഷിക വൃത്തിലേക്ക്‌ ആകർഷിക്കണമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

കൃഷിച്ചെലവ് കുറയ്ക്കുന്നതിനായി കൂടുതൽ പഠനങ്ങൾ നടത്തിയാണ് സാമൂഹ്യ സൂഷ്മ ജലസേചന പദ്ധതി ചിറ്റൂർ മേഖലയിൽ നടപ്പിലാക്കിയതയെന്നും 750 കൃഷിക്കാർ ഈ രീതിയിൽ കൃഷി നടത്തുന്നുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കമ്പാലത്തറയിലെ അഗ്രോ പ്രോസ് സൊസൈറ്റിയും കരടിപ്പാറയിലെ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പ്രോജക്റ്റും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ. കേരളത്തിൽ ഏറ്റവും മഴ കുറവുള്ള ചിറ്റൂരിൽ ഭൂഗർഭ ജലവിതാനം താഴ്ന്നതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വിവിധ കർഷക സൊസൈറ്റികളിലെ കർഷകർ ചേർന്ന് പുതിയ കൃഷിരീതികൾ ആവിഷ്കരിക്കുകയായിരുന്നു. പ്രിസിഷൻ ഫാമിംഗ്, സംയോജിത കൃഷിയിട സോളാർ പദ്ധതി, സാമൂഹ്യ സൂക്ഷ്മ ജലസേചനപദ്ധതി തുടങ്ങി നൂതനവും ശാസ്ത്രീയവുമായി ആയ കൃഷി രീതികളാണ് മന്ത്രിയുടെ മേൽനോട്ടത്തിൽ ചിറ്റൂരിൽ നടപ്പിലാക്കുന്നത്.

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അഗ്രോ പ്രോസ് ലിമിറ്റഡിന്റെ ചെയർമാനുമായ അഡ്വ. കെ. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ തുടങ്ങിയവർ മന്ത്രി മാർക്കൊപ്പമുണ്ടായിരുന്നു.