ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന പകല്‍ക്കൊള്ളകളും ഡോക്ടര്‍മാരും ആരോഗ്യ ഏജന്‍സികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അവസാനിപ്പിക്കണമെന്ന് ദേവസ്വം- ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലോര്‍ സഹകരണ ബാങ്കില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള നീതി ഹൈടെക് ലാബിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ ആരോഗ്യബോധമുള്ള തലത്തിലേക്ക് മാറ്റിയെടുക്കേണ്ടതുണ്ട്. രോഗികള്‍ മരുന്നുപരീക്ഷണ വസ്തുവായി മാറാന്‍ പാടില്ല. രാജ്യത്തെ മികച്ച ആരോഗ്യ സംസ്ഥാനം കേരളമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ആരോഗ്യ കാര്യത്തില്‍ അത്യധികം കാര്യക്ഷമതയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്‍റെ 3500 കേന്ദ്രങ്ങള്‍ ഉടന്‍ കേരളത്തില്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ നെډണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സന്തോഷ് ട്രോഫി താരം ശ്രീകുട്ടനെ മന്ത്രി ആദരിച്ചു. സഹകരണ പെന്‍ഷന്‍ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങളില്‍ കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി സഹകരണ ലൈബ്രറിയുടെ ഉദ്ഘാടനവും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്‍റെ ഉദ്ഘാടനം യുവജനക്ഷേമ വകുപ്പ് മുന്‍ അംഗം കെ.പി.പോളും നിര്‍വ്വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേമകുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്. ബൈജു, മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ എം.സി. അജിത് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.എ. അനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.കെ. കണ്ണന്‍ നന്ദിയും പറഞ്ഞു.
