പി.എം.ഇ.ജി.പി. പദ്ധതി: ജില്ലാതല ബോധവത്ക്കരണ ക്യാമ്പ് നടന്നു
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജില്ലാ ഖാദിഗ്രാമവ്യവസായ ഓഫീസും സംയുക്തമായി നടത്തിയ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ ഏകദിന ജില്ലാതല ബോധവത്ക്കരണ ക്യാമ്പ് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഖാദി വ്യവസായ മേഖലയിലുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും പി.എം.ഇ.ജി.പി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക വിഭാഗങ്ങളില്‍പെട്ടവര്‍ക്കും പിന്നോക്ക വിഭാഗം സ്ത്രീകള്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കും. ഖാദി വസ്ത്രങ്ങളില്‍ വൈവിധ്യവത്ക്കരണം നടപ്പിലാക്കും. ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കി ഖാദി മേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്ടിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ഖാദി, കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത അധ്യക്ഷയായി. കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗിരീഷ്‌കുമാര്‍, ഫിനാല്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ബി. ദേവദാസ് എന്നിവര്‍ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ കുസുമ ഹെഡ്ഗെ, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍.കണ്ണന്‍, ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ എന്‍.ഷില്‍ജി തുടങ്ങിയവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ മാധവന്‍ നമ്പൂതിരി സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ എം.വി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.
എം.എസ്.എം.ഇ മന്ത്രാലയം ആവിഷ്‌ക്കരിച്ച് ഖാദി ബോര്‍ഡും ഖാദി ഗ്രാമവ്യവസായ കമ്മീഷനും ജില്ലാ വ്യവസായകേന്ദ്രവും സംയുക്തമായി നടപ്പാക്കി വരുന്ന ഒരു കേന്ദ്ര തൊഴില്‍ ദായക പദ്ധതിയാണ് പി.എം.ഇ.ജി.പി. ഗ്രാമീണ മേഖലയില്‍ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്സിഡി ലഭിക്കും.
ഉല്പാദന മേഖലയില്‍ 25 ലക്ഷവും സേവന മേഖലയില്‍ 10 ലക്ഷവുമാണ് പദ്ധതി ചെലവിന്റെ പരിധി. ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി അനുവദിക്കുക. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വികലാംഗര്‍, വിമുക്തഭടന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും.