സാക്ഷരത മുതൽ ഹയർ സെക്കന്‍ഡറി വരെ
തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കും

ആലപ്പുഴ: സാക്ഷരതാ ക്ലാസ് മുതൽ ഹയർ സെക്കന്‍ഡറി തലംവരെ തുടർ വിദ്യാഭ്യാസം നൽകുന്ന അതുല്യം ആലപ്പുഴ പദ്ധതി നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

നിരക്ഷരർ, നാലാം ക്ലാസ് വിജയിക്കാത്തവർ, ഏഴാം ക്ലാസും പത്താം ക്ലാസും വിജയിക്കാത്തവർ, ഹയർ സെക്കന്‍ഡറി വിജയിക്കാത്തവർ എന്നിങ്ങനെ ആളുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പഠനം ക്രമീകരിക്കുക.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 12 ഗ്രാമപഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിയനാട്, ചെന്നിത്തല, പാണ്ടനാട്, താമരക്കുളം, പത്തിയൂർ, കുമാരപുരം, പുറക്കാട്, തകഴി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക്, തൈക്കാട്ടുശേരി, കുത്തിയതോട് എന്നിവയാണ് ഈ പഞ്ചായത്തുകള്‍.

ഡിസംബർ 26ന് ഈ പഞ്ചായത്തുകളിൽ സർവേ നടത്തി പഠിതാക്കളെ കണ്ടെത്തും. ഇവരില്‍ സാക്ഷരതാ കോഴ്സില്‍ ഉള്‍പ്പെടുത്തുന്നവരുടെ ക്ലാസുകള്‍ ഡിസംബർ 31 ന് ആരംഭിക്കും. മാർച്ച് 27ന് സാക്ഷരതാ പരീക്ഷ നടത്തും.

അടുത്ത വർഷം മറ്റ് പഞ്ചായത്തുകളിലും നടപ്പിലാക്കും. അഞ്ചു വർഷം കൊണ്ട് 50 വയസിൽ താഴെയുള്ള എല്ലാവര്‍ക്കും ഹയർ സെക്കന്‍ഡറി യോഗ്യത ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്. താഹ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.വി. രതീഷ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആശാ വി. നായർ, എ.എസ്. സുദർശനൻ, കെ. സുദർശനാഭായി, ബിന്ദു പ്രദീപ്, എസ്. അജയകുമാർ, എൽ. ഉഷ, വത്സല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. അഞ്ജു, ജി. ആതിര, ബിനിത പ്രമോദ്, ഗീതാ ബാബു, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ പി. ജ്യോതിസ്, തിലകരാജ്, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.