സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഡിസംബര്‍ 18ന് തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കും.

ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു, ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വനിതാ കമ്മീഷന്‍ അധ്യക്ഷപി സതീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിന്‍ അംബാസഡര്‍ പ്രശസ്ത അഭിനേത്രി നിമിഷാ സജയനാണ്. ഉദ്ഘാടന പരിപാടിയിലും തുടര്‍ന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും അവരുടെ സാന്നിധ്യം ഉണ്ടാവും.

പതിനാല് ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന തല ഉദ്ഘാടന വേദിയില്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ പ്രകാശനം ചെയ്യും. സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയുമെടുക്കും. ജില്ലാ തലത്തിലും എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ഇരുപത്തിരണ്ടായിരത്തിലേറെ വാര്‍ഡ് തലങ്ങളിലും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെയുള്ള പ്ലക്കാര്‍ഡുകളേന്തി അയല്‍ക്കൂട്ട അംഗങ്ങള്‍ വാര്‍ഡ് തലത്തില്‍ സമ്മേളിക്കും. വാര്‍ഡുകളിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന തല ഉദ്ഘാടന പരിപാടി തത്സമയം കാണാനുള്ള സൗകര്യമൊരുക്കും. യുവതീ ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍, യുവജനങ്ങള്‍, കുടുംബാംഗങ്ങള്‍, സാമൂഹ്യ – സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളാകും.

പോസ്റ്റര്‍ ക്യാമ്പയിന്‍, സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയാ ചലഞ്ച്, റീല്‍സ് വീഡിയോ തയ്യാറാക്കല്‍ തുടങ്ങി സമൂഹമാധ്യമങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രചരണങ്ങള്‍, ചുവര്‍ചിത്ര ക്യാമ്പെയിന്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വെബിനാറുകള്‍, സ്ത്രീധനം സംബന്ധിച്ച അഭിപ്രായ സര്‍വേ, ഇരുചക്ര വാഹന റാലി, ബാലസഭകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുളള പോസ്റ്റര്‍ ക്യാമ്പയിന്‍, കാര്‍ട്ടൂണ്‍ സീരീസ്, സ്ത്രീധനത്തിനെതിരെയുള്ള സിഗ്നേച്ചര്‍ ക്യാമ്പയിന്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയാണ് സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നത്.