കർഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശിൽപശാല അടുത്ത മാസം കോഴിക്കോട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കോട്ടക്കകത്തെ വിപുലീകരിച്ച അഗ്രോ ബസാർ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാളികേര വികസനത്തിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുന്നതിന്റെ മുന്നോടിയായി വേങ്ങേരിയിൽ നാളികേര ഹബ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.  ഓണവിപണി ലക്ഷ്യം വച്ച് 4000 മെട്രിക് ടൺ വെളിച്ചെണ്ണയാണ് ഈ വർഷം കേരഫെഡ് ഉൽപ്പാദിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൃഷിവകുപ്പ് ഫാമുകളിൽ നിന്നുള്ള വിവിധയിനം വിത്തിനങ്ങൾ, നടീൽ വസ്തുക്കൾ, കാർഷിക യന്ത്രങ്ങൾ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ടതെന്തും കേരളശ്രീ എന്ന ബ്രാൻഡ്‌നെയിമിൽ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന സംരംഭമാണ് അഗ്രോ ബസാർ. കൃഷി വകുപ്പിനു കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ  ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചാണ് അഗ്രോ ബസാറിന്റെ വിപുലീകരിച്ച ഷോറൂം ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ്, കർണാടക, കശ്മീർ, തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളും അഗ്രോ ബസാറിൽ ലഭ്യമാണ്. ലക്ഷദ്വീപിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങളും ബസാറിലുണ്ട്.

കൊട്ടാരക്കര, പുനലൂർ, എറണാകുളം എന്നിവിടങ്ങളിലും ഈ വർഷം അഗ്രോ ബസാറുകൾ ആരംഭിക്കും.  അഡ്വ. വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർമാരായ ജി.എസ്. കോമളവല്ലി, ആർ. സുരേഷ്, കെയ്‌കോ ചെയർമാൻ സുൾഫിക്കർ മയൂരി, മാനേജിംഗ് ഡയറക്ടർ പി. സുരേഷ് ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.