കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി അംഗീകരിച്ചു

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുളള രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ പദ്ധതി റിപ്പോർട്ട് അംഗീകരിച്ചു. ഇതനുസരിച്ച് ചെലവ് 2310 കോടി രൂപയാണ്.

മഴ മാറി വെള്ളം ഇറങ്ങുമ്പോൾ സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് മൂന്നു ലക്ഷം രൂപ വരെ കലക്ടറുടെ റിപ്പോർട്ട് പ്രകാരം അനുവദിക്കാൻ തീരുമാനിച്ചു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട കണ്ണൂർ ചെമ്പിലോട് കുടിവളപ്പ് വീട്ടിൽ സതി, മകൻ രതീഷ്, വളപ്പട്ടണം മന്ന വി.പി. ഹൗസിലെ മുനീർ എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് എട്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. ഈ കുടുംബങ്ങൾക്ക് നേരത്തെ രണ്ടു ലക്ഷം രൂപ വീതം നൽകിയിരുന്നു. വൃത്തിഹീനമായ തൊഴിൽചെയ്യുമ്പോൾ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സുപ്രീംകോടതി നിർദേശപ്രകാരം പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. അതനുസരിച്ചാണ് ബാക്കി എട്ടു ലക്ഷം രൂപ കൂടി അനുവദിക്കുന്നത്.

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഏകീകൃത നിരക്കിൽ വേതനം നശ്ചയിച്ചു. 2018 ഏപ്രിൽ ഒന്നു മുതൽ 50,000 രൂപ പ്രതിമാസം വേതനം നൽകാനാണ് തീരുമാനം.

ടെലികോം സേവനദാതാക്കൾക്കും അടിസ്ഥാനസൗകര്യ വികസനം നടത്തുന്ന ഏജൻസികൾക്കും റോഡിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇടുന്നതിന് എല്ലാ അനുമതികളും ലഭ്യമാക്കാൻ ഏകജാലക വെബ്‌പോർട്ടൽ ഏർപ്പെടുത്താൻ ഐടി മിഷനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. കേബിൾ ഇടാൻ അനുമതി ചോദിക്കുന്ന കമ്പനി തന്നെ റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

തസ്തികകൾ സൃഷ്ടിച്ചു

ബാർട്ടൻ ഹിൽ തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജുകളിൽ അധ്യാപകരുടെ 92 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തിൽ ഇടഞ്ഞിയിൽ ശാന്തോം മലങ്കര ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്ന പേരിൽ പുതിയ എയ്ഡഡ് കോളേജ് അനുവദിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രിൻസിപ്പലിന്റെയും മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരുടെയും തസ്തികകൾ അനുവദിക്കും.

കരുനാഗപ്പള്ളി തഴവ ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ 4 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.

ഓഖി ദുരന്തത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് 1.65 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചത് സാധൂകരിക്കാൻ തീരുമാനിച്ചു.

‘ശ്രം സുവിധ’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്റ്റാർട്ടപ്പുകൾക്കും സ്വയം സാക്ഷ്യപ്പെടുത്തൽ വ്യവസ്ഥ ബാധകമാക്കാൻ തീരുമാനിച്ചു.

മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ട്രിബ്യൂണലിൽ നിലവിലുളള കേസുകൾ കൈമാറ്റം ചെയ്യുന്നതും തീർപ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. 2011-ലാണ് മൂന്നാർ സ്‌പെഷ്യൽ ട്രിബ്യൂണലിന്റെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ട്രിബ്യൂണൽ തീർപ്പാക്കിയ കേസുകളുടെ എണ്ണം കുറവാണ്. ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ടു പ്രകാരം 42 കേസുകളാണ് ഇതുവരെ തീർപ്പാക്കിയത്. ലക്ഷ്യം കൈവരിക്കാൻ കഴിയുന്ന രീതിയിലല്ല ട്രിബ്യൂണൽ പ്രവർത്തിക്കുന്നത് എന്നതിനാൽ പ്രവർത്തനം അവസാനിപ്പിക്കാൻ നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.