കൊച്ചി: സപ്ലൈകോയുടെ  ഈ  വര്‍ഷത്തെ  ഓണം  മേളകള്‍ക്ക്  ആഗസ്റ്റ് 10 ന് തുടക്കമാകും.  ജില്ലാ തലത്തിലുളള  ഫെയറുകളാണ്  അന്ന്  ആരംഭിക്കുക.  ഇതു കൂടാതെ  താലൂക്ക്  തല  ഓണം  മേളകള്‍  ആഗസ്റ്റ്  16 നും   നിയോജക  മണ്ഡലാടിസ്ഥാനത്തിലുളള  ഓണം  മാര്‍ക്കറ്റുകളും  സപ്ലൈകോ  വില്പന ശാലകളോടനുബന്ധിച്ചുളള  മിനി ഫെയറുകളും   സപ്ലൈകോ  വില്‍പ്പന ശാലകള്‍  ഇല്ലാത്ത  പഞ്ചായത്തുകളില്‍  പ്രത്യേകമായി  സംഘടിപ്പിക്കുന്ന മിനി സ്‌പെഷ്യല്‍ ഫെയറുകളും   ആഗസ്റ്റ്  20 നും ആരംഭിക്കും. എല്ലാ  ഫെയറുകളും  ആഗസ്റ്റ്  24 ന്  രാത്രി വരെ തുടരും.  ഉത്സവ  വേളകളില്‍  ഉണ്ടാകാനിടയുളള  അവശ്യ വസ്തുക്കളുടെ   വിലക്കയറ്റം  തടയാന്‍  ലക്ഷ്യമിട്ടുളള  ഓണം മേളകള്‍ക്കായുളള  എല്ലാ ഒരുക്കങ്ങളും  പൂര്‍ത്തിയായതായി  സപ്ലൈകോ  സി.എം.ഡി. എം.എസ്. ജയ  അറിയിച്ചു.  ജില്ലാ  തലത്തില്‍  14 ഉം  താലൂക്ക്  തലത്തില്‍  75 ഉം  ഫെയറുകളാണ്  സംഘടിപ്പിക്കുക.  ഒരു നിയോജക മണ്ഡലത്തില്‍  ഒരു  ഓണച്ചന്ത  ഉറപ്പു  വരുത്തുന്നതിനായി   പ്രമുഖ  ഔട്ട്  ലെറ്റുകളോട്  ചേര്‍ന്നോ  വേറിട്ടോ നടത്തുന്ന  ഫെയര്‍  78 ഇടങ്ങളില്‍  സംഘടിപ്പിക്കും.  സപ്ലൈകോ വില്പന ശാലകള്‍  ഇല്ലാത്ത  23 പഞ്ചായത്തുകളിലാണ്  സ്‌പെഷ്യല്‍  മിനി ഫെയറുകള്‍  സംഘടിപ്പിക്കുക. സംസ്ഥാനത്ത്  ആകെ  1479  സ്ഥലങ്ങളിലാണ്  സപ്ലൈകോ  ഓണം  ഫെയറുകള്‍  ഉണ്ടാവുക.
സപ്ലൈകോ  വില്പന ശാലകളിലൂടെ   ലഭിക്കുന്ന  എല്ലാ   സബ്‌സിഡി  നോണ്‍  സബ്‌സിഡി  ഉത്പന്നങ്ങള്‍ക്കും  പുറമെ  ഹോര്‍ട്ടി  കോര്‍പ്,  വെജിറ്റബിള്‍ ആന്റ്  ഫ്രൂട്ട്‌സ്  പ്രമോഷന്‍ കൗണ്‍സില്‍  കേരള  (വി.എഫ്.പി.സി.കെ)  എന്നിവയുടെ  ആഭിമുഖ്യത്തിലുളള  പച്ചക്കറി,  പഴവര്‍ഗ്ഗ  സ്റ്റാളുകളും  ജില്ലാതല  ഫെയറിനോടനുബന്ധിച്ച്  തുറക്കും.  ഹാന്‍ടെക്‌സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ്  പ്രോഡക്ട്‌സ്  ഓഫ്  ഇന്ത്യ, കയര്‍ ഫെഡ്, വനശ്രീ,  വ്യവസായ വകുപ്പിനും വനിതാ  വികസന കോര്‍പറേഷനും   കീഴിലുളള  വിവിധ  സ്ഥാപനങ്ങള്‍  എന്നിവയുടെ  ഉത്പന്നങ്ങളും  ജില്ലാ തല ഫെയറുകളില്‍  വിലക്കുറവില്‍  ലഭിക്കും.  പായസം  ഉള്‍പ്പെടെയുളള  വിഭവങ്ങളുമായി   ഫുഡ് കോര്‍ട്ടുകളും  കുട്ടികള്‍ക്കുളള  കളിസ്ഥലങ്ങളും   ജില്ലാതല മേളയോടനുബന്ധിച്ച്  സജ്ജീകരിക്കും. സംസ്ഥാനത്തെ  സപ്ലൈകോയുടെ  എല്ലാ  വില്‍പ്പന ശാലകളോടും  അനുബന്ധിച്ച്  ഒരുക്കുന്ന  ഓണം  മിനി ഫെയറുകളുള്‍പ്പെടെ  എല്ലാ  ഓണം  ഫെയറുകളിലും  ന്യായവിലക്ക്  പച്ചക്കറി  ലഭ്യമാക്കുന്നതിനുളള  സ്റ്റാളുകള്‍  തുറക്കും.
ഓണത്തോടനുബന്ധിച്ച്  ഉപഭോക്താക്കള്‍ക്കായുളള  വിവിധ  സമ്മാന പദ്ധതികളും   സപ്ലൈകോ  ആവിഷ്‌കരിച്ചിട്ടുണ്ട്.  വിവിധ  തലങ്ങളിലായി  മൂന്ന് പദ്ധതികളാണ്  ഇപ്രകാരം  നടപ്പിലാക്കുക. ഇതുകൂടാതെ  പൊതു  സ്വകാര്യ  മേഖലാ സ്ഥാപനങ്ങള്‍ക്ക്  അവരുടെ  ജീവനക്കാര്‍ക്ക്  സമ്മാനമായി  നല്‍കാന്‍ കഴിയും  വിധം  ഓണം  ഗിഫ്റ്റ്  വൗച്ചറും  ഓണം  സ്‌പെഷ്യല്‍  കിറ്റും  തയ്യാറാക്കി  വിപണനം  ചെയ്യാനും  സപ്ലൈകോ  നടപടി  സ്വീകരിച്ചിട്ടുണ്ട്. രാവിലെ  9.30  മുതല്‍  രാത്രി 8  മണിവരെയാണ്  ഓണച്ചന്തകളുടെ  പ്രവര്‍ത്തന  സമയം.