മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആയുഷ് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും വിവിധ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പിലാക്കുന്നതെന്നും ആയുഷ് മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മാറഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ജീവിത ശൈലി രോഗങ്ങള്‍, ഗര്‍ഭകാല – പ്രസവ കാല ശ്രുശ്രൂഷ തുടങ്ങിയവയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അധ്യക്ഷനായ പി.നന്ദകുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു മുഖ്യാതിഥിയായി.

മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് വികസനത്തിന്റെ അംഗീകാരമായി ലഭിച്ച ദേശീയ അവാര്‍ഡ് തുക ഉപയോഗിച്ചാണ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പരിപാടിയില്‍ 2015 – 20 കാലയളവിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ പി. നന്ദകുമാര്‍ എം.എല്‍ എ ആദരിച്ചു.

എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍.പി ഷിധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ എളയടത്ത്, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബെര്‍, ഡി.എം.ഒ (ഐ എസ്. എം ) ഡോ. സ്റ്റെല്ല ഡേവിഡ്, ആയുഷ് മലപ്പുറം ഡി.പി എം ഡോ. എ എം കബീര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എ അനൂബ്, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.