തിരക്കിനിടയിൽ യാത്രക്കാർക്ക് ക്രിസ്മസ് ഓർമ സമ്മാനിച്ച് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ഉണ്ണിയേശുവും ഔസേപ്പിതാവും മറിയവും ആട്ടിടയൻമാരും..
തിങ്കളാഴ്ച നടന്ന കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റിലെ പുൽക്കൂട് നിർമാണ മത്സരത്തിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകളിലും ഉണ്ണിയേശു പിറന്നത്. അഞ്ച് ടീമുകളാണ് പുൽക്കൂട് മത്സരത്തിൽ പങ്കെടുത്തത്. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് ക്രിസ്തുവിന്റെ ജനനം തനിമ ചോരാതെ നിർമ്മിച്ച് ടീമുകൾ മികച്ച മത്സരം കാഴ്ച്ചവച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ പരമാവധി ഒരു മീറ്റർ നീളത്തിലും വീതിയിലുമാണ് മത്സരാർത്ഥികൾ പുൽക്കൂടൊരുക്കിയത്.
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 8000,5000,3000 രൂപ വീതം സമ്മാനം ലഭിക്കും. ആലുവ,മഹാരാജാസ്, എംജി റോഡ്, കലൂർ, പാലാരിവട്ടം സ്റ്റേഷനുകളിലാണ് പുൽക്കൂട് മത്സരം നടന്നത്. പുൽക്കൂടുകൾ ഈ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും. മത്സരഫലം പിന്നീട് പ്രഖ്യാപിക്കും.

21ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരമാണ് വിവിധ സ്റ്റേഷനുകളിൽ നടക്കുക. സാന്റാ ക്ളോസ് ഫാൻസി ഡ്രസ്, കേക്ക് മേക്കിംഗ് തുടങ്ങിയ മത്സരങ്ങളും വരും ദിവങ്ങളിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കും മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനും www.kochimetro.org സന്ദർശിക്കുക.