അഴീക്കോട് മണ്ഡലത്തിലെ ലൈബ്രറികളെ ആധുനികവൽകരിക്കാനാവശ്യമായ പദ്ധതി വരുന്ന അഞ്ചു വർഷക്കാലം കൊണ്ട് നടപ്പിലാക്കുമെന്ന് കെ വി. സുമേഷ് എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ ലൈബ്രറികൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് എം എൽഎ വിളിച്ചുചേർത്ത ലൈബ്രറി ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലൈബ്രറി ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായി ചർച്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു. മണ്ഡലത്തിലെ മിക്ക ലൈബ്രറികൾക്കും കമ്പ്യൂട്ടർ, പ്രൊജക്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഇല്ല. അടിയന്തിരമായി ഇത് നൽകണമെന്ന് ലൈബ്രറി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ലൈബ്രറികളെ അഭിവൃത്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി വിശദമായ ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ എം എൽ എയും താലൂക്ക് ലൈബ്രറി സെക്രട്ടറിയും ഉൾപ്പെട്ട ഒരു സമിതി രൂപീകരിച്ചു. ലൈബ്രറിയുടെ പ്രവർത്തനം സംബന്ധിച്ചും ജനസേവന കേന്ദ്രമായി ലൈബ്രറിയെ മാറ്റുന്നതിനെ സംബന്ധിച്ചും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ സംസാരിച്ചു. ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടി ബാലൻ മാസ്റ്റർ, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് അനിൽകുമാർ, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് രമേശൻ എന്നിവർ പങ്കെടുത്തു.
