മാടായി ഗവ. റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
നിരവധി സഞ്ചാരികൾ എത്തി ചേരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ, ചൂട്ടാട്-വയലപ്ര ടൂറിസം , മലബാർ റിവർ ക്രൂയീസ് ടൂറിസം , മാടായിക്കാവ്, മാടായിപ്പള്ളി എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ എത്തിച്ചേരുന്നവർക്ക് താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ളതും കൂടുതൽ പേർക്ക് താമസിക്കാൻ പാകത്തിലുള്ളതുമായ പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കാൻ സ്ഥലം സന്ദർശിച്ചത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിൻ്റെ അധീനതയിലുള്ള നിലവിലുള്ള കെട്ടിടം സംരക്ഷിച്ചു കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
എം എൽ എ യോടൊപ്പം പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് ആർകിടെക്റ്റ് പി എസ് രാജീവ്, എക്സിക്യുട്ടീവ് എഞ്ചിനീയർ കെ ജിഷ കുമാരി, ഓവർസിയർ അജിത്ത് കുമാർ ഒ.വി എന്നിവരും ഉണ്ടായിരുന്നു.
പടം അടിക്കുറിപ്പ്: മാടായി ഗവ. റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു