രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥി

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാനം ഡിസംബര്‍ 21 ന് വൈകിട്ട് 3.30 ന് നടക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍,എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്‌സ് കമ്മറ്റി അംഗങ്ങള്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്.

2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. 29 പേര്‍ക്ക് ബിരുദവും 652 പേര്‍ക്ക് ബിരുദാനന്തരബിരുദവും 52 പേര്‍ക്ക് പി.എച്ച്.ഡിയും ഒന്‍പത് പേര്‍ക്ക് പിജി ഡിപ്ലോമയും നല്കി ആദരിക്കും.

വിവിധ പഠന വകുപ്പുകളും വിദ്യാര്‍ത്ഥികളുടെ എണ്ണവും: ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി 25, കെമിസ്ട്രി 29, കമ്പ്യൂട്ടര്‍ സയന്‍സ് 22, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 37, എക്കണോമിക്സ് 35, എജ്യൂക്കേഷന്‍ 40, എന്വിയോണ്മെന്റല്‍ സയന്‍സ് 28, ജിനോമിക് സയന്‍സ് 27, ജിയോളജി 29, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 27, ഇന്റര്‍നാഷണല്‍ റിലേഷന്സ് ആന്റ് പൊളിറ്റിക്സ് 29, ഇന്റര്‍നാഷണല് റിലേഷന്‍ സ് (യുജി) 29, ലോ 23, ലിംഗ്വിസ്റ്റിക്സ് 29, മലയാളം 30, മാത്തമാറ്റിക്സ് 35, ഫിസിക്സ് 23, പ്ലാന്റ് സയന്സ് 29, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് 36, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്യൂണിറ്റി മെഡിസിന് 23, സോഷ്യല്‍ വര്‍ക്ക് 35, യോഗ സ്റ്റഡീസ് 31, സുവോളജി 30, പിജി ഡിപ്ലോമ ഇന്‍ യോഗ 9, ഗവേഷണം 52. ഇതില്‍ 563 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാസ് ഉള്ളവര്‍ക്ക് മാത്രമാകും പങ്കെടുക്കാന്‍ അനുമതി. ചടങ്ങില്‍ രാഷ്ട്രപതിയുടെ അടുത്തുണ്ടാകുന്നവര്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തണം. പങ്കെടുക്കാന്‍ അനുമതിയുള്ളവര്‍ 2.30 ന് എത്തിച്ചേരണം. ബാന്റിന്റെ അകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും. രാഷ്ട്രപതി, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാനമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകര്‍ ഒരു മണിക്കകം പന്തലില്‍ എത്തണം.