സാമൂഹിക പങ്കാളിത്തത്തോടെ അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സംസ്ഥാനതലത്തിൽ നോഡൽ ഓഫീസറെയും ജില്ലാതലത്തിൽ നിർവഹണ സമിതികളെയും ബ്ലോക്ക് തലത്തിൽ സൂപ്പർ ചെക്ക് ടീമുകളെയും തദ്ദേശസ്ഥാപന തലത്തിൽ ജനകീയ സമിതികളെയും വാർഡ് തലത്തിൽ വാർഡ് സമിതികളെയും ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നയിക്കുന്നതിനും എന്യുമെറേഷൻ പ്രവർത്തികൾക്കുമായി എന്യുമെറേഷൻ ടീമുകളെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു.

അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഉദ്ദേശലക്ഷ്യം ചോർന്നു പോകാതിരിക്കാനും ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അടയാളപ്പെടുത്തുന്നവരിൽ അനർഹർ കടന്നു കൂടാതിരിക്കാനും അർഹരായവർ വിട്ടുപോകാതിരിക്കാനും വേണ്ടി സംസ്ഥാനത്താകെ ഏകദേശം നാല് ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപന അധ്യക്ഷ•ാർ, തദ്ദേശസ്ഥാപന തല ജനകീയ സമിതി അംഗങ്ങൾ, വാർഡ് സമിതി അംഗങ്ങൾ, ടെക്നിക്കൽ റിസോഴ്സ് അംഗങ്ങൾ, സൂപ്പർ ചെക്ക് ടീം അംഗങ്ങൾ എന്നിവർക്കുള്ള പരിശീലനം നടന്നുവരുന്നു. സംസ്ഥാനത്ത് ആകെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും പരിശീലനങ്ങൾ പൂർത്തിയായി. തുടർപ്രവർത്തനങ്ങളായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും ദ്രുതഗതിയിൽ നടക്കുന്നു.

അതി ദരിദ്രരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ജനകീയപ്രക്രിയയാണ് വാർഡ്, കുടുംബശ്രീ, സന്നദ്ധ സംഘടനാ തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ. സംസ്ഥാനത്ത് 49501 ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടന്നുകഴിഞ്ഞു. ഇതിലൂടെ 42512 ആൾക്കാരെ സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 19,998 പേരുടെ പ്രീ എന്യുമെറേഷൻ മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തി. ഇതിൽ 12821 പേരുടെ ഫീൽഡ് തലത്തിലുള്ള എന്യുമെറേഷനും പൂർത്തീകരിച്ചു. ഓരോ ഘട്ടത്തിലുമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന തലത്തിൽ 20 ശതമാനം സൂപ്പർ ചെക്ക് നടത്തുകയും ഉയർന്നു വരുന്ന പരാതികൾ പരിഹരിക്കുകയും ചെയ്യും. അതിന് ശേഷമുള്ള പട്ടിക ഗ്രാമസഭയിലും, തദ്ദേശ സ്ഥാപനതല ഭരണാസമിതിയിലും അംഗീകരിച്ചാണ് പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.