മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിൻ്റെ ഉത്തരവാദിത്വം; മന്ത്രി ആർ ബിന്ദു

മുതിർന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്വമാണെന്നും ഒരു മനുഷ്യൻ്റെ കർമ്മശേഷി കുറയുന്ന സാഹചര്യത്തിൽ ഉപയോഗം കഴിഞ്ഞാൽ നിഷ്ക്കരുണം വലിച്ചെറിയുന്ന ഡിസ്പോസിബിൾ കൾച്ചർ മനുഷ്യത്വപരമല്ലെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബ വ്യവസ്ഥിതിയിലേക്കുള്ള പരിവർത്തനം സമൂഹത്തിൽ മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും അവർക്ക് വേണ്ട പരിചരണങ്ങൾ നല്ല രീതിയിൽ ലഭ്യമാക്കുന്നതിലും വീഴ്ച്ചകൾ വരുത്തുന്നുണ്ട്. സാമൂഹികമായ ഉത്തരവാദിത്വം എന്ന നിലയ്ക്ക് മുതിർന്ന പൗരന്മാരുടെ സംരക്ഷണം പുതുതലമുറ ഏറ്റെടുക്കേണ്ടതുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളേജുകളിലും മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് ബോധവൽക്കരണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ജീവിത സാഹചര്യങ്ങൾ വലിയ രീതിയിലുള്ള മുതലാളിത്ത മൂല്യങ്ങൾക്കും സമ്പത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്നും ഇവിടെ മാനുഷികമൂല്യങ്ങൾ നിരാകരിക്കപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് സാമൂഹ്യനീതി വകുപ്പിന്റെ വയോജനക്ഷേമ ബോധവൽക്കരണത്തിന് വേണ്ടി “വയോജനക്ഷേമ സന്ദേശ കവിത” രചിച്ച ഓമനക്കുട്ടൻ പങ്ങപ്പാട്ട്, കവിത ആലപിച്ച ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി ആശ സുരേഷ് എന്നിവരെ മന്ത്രി പൊന്നാടയും, ഫലകവും നൽകി ആദരിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഡോ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൽ നിലവിൽ ലഭിച്ച 50 പരാതികളിൽ 25 എണ്ണത്തിൻ്റെ വിചാരണയാണ് ആദ്യ ദിവസം നടന്നത്. 18, 20 തിയ്യതികളിലായി നടത്തുന്ന പരാതി പരിഹാര അദാലത്തിൽ ആകെ 50 ഓളം പരാതികൾ പരിഗണിക്കും. മെയിന്റനൻസ് ട്രൈബ്യുണൽ ആന്റ് ആർ.ഡി.ഓ, എം.എച്ച് .ഹരീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജി. രാഗപ്രിയ എന്നിവർ പരാതികൾ നേരിൽ കേട്ടു. കൺസീലിയേഷൻ ഓഫീസർമാരായ അഡ്വ.പി കെ ലോഹിതാക്ഷൻ, വിൽ‌സൺ.എം.പി, മേഘമോൾ.കെ.കെ, അമല ഡേവിസ്, വിജയഘോഷ്‌ .കെ.ജി, എന്നിവർ അനുരഞ്ജന ശ്രമം നടത്തുകയും മറ്റ് മെയിന്റനസ് ട്രൈബ്യുണൽ ആന്റ് ആർ.ഡി.ഓ ഉദ്യോഗസ്ഥരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നൽകുകയും ചെയ്തു. അദാലത്ത് ദിനത്തിൽ പങ്കെടുക്കുന്ന വയോജനങ്ങൾക്കായി “കേരളസോഷ്യൽ സെക്യൂരിറ്റി മിഷൻ-വയോമിത്രം” മെഡിക്കൽ പരിശോധനയും സജ്ജമാക്കിയിരുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.പി.സജീവ്, കോർഡിനേറ്റർ ശരത്ത്.എ.ആർ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും അദാലത്തിൽ സജീവമായിരുന്നു. ക്രൈസ്റ്റ് കോളേജ് ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥികളും അദാലത്തിൽ വോളന്റീയർമാരായി പങ്കുചേർന്നു.
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ആന്റ് ആർ.ഡി.ഓ , എം.എച്ച്.ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ ജെയ്‌സൺ പാറേക്കാടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ .സി .രാധാകൃഷ്ണൻ “വയോജന ക്ഷേമ നിയമം – ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ പ്രവർത്തനങ്ങളെപ്പറ്റി” വിഷയാവതരണം നടത്തി. ജില്ലാ സമൂഹ്യനീതി ഓഫീസർ കെ ജി രാഗപ്രിയ സ്വാഗതവും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ രമാദേവി നന്ദിയും പറഞ്ഞു.