നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്ഥാപനങ്ങളിലും ഇതു വരെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ നിലവിലെ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിച്ചതായും അവര്‍ പറഞ്ഞു.
പൊതുമരാമത്ത്, വികസനം, ക്ഷേമം, ധനകാര്യം, വിദ്യാഭ്യാസ- ആരോഗ്യം സ്ഥിരം സമിതി യോഗങ്ങളുടെ തീരുമാനങ്ങള്‍ അംഗീകരിച്ചു. നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഭരണസമിതി ഒന്നാം വാര്‍ഷികം ആഘോഷിച്ചത്.
വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.