വൈപ്പിൻ: മണ്ഡലത്തിലെ പ്രകൃതിക്ഷോഭദുരിത ബാധിത കുടുംബങ്ങൾക്ക് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ മുൻകയ്യെടുത്ത് വീട്ടുപകരണങ്ങൾ നൽകി.തെരഞ്ഞെടുക്കപ്പെട്ട 125 കുടുംബങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ വിതരണം ചെയ്‌തു. എടിസി കമ്പനിയുടെ സിഎസ്ആർ പദ്ധതിയായ കേരള ഫ്‌ളഡ്‌സ് റിലീഫ് റെസ്പോൺസ് – 2021 പ്രകാരമാണ് വീട്ടുപകരണങ്ങൾ ലഭ്യമാക്കിയത്.
ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഗൃഹോപകരണ വിതരണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ അധ്യക്ഷത വഹിച്ചു. എടിസി മേഖല മേധാവി അനിൽ പ്രസാദ് പദ്ധതി വിശദീകരിച്ചു.
വിഎഫ്എഫ് വക്താവ് സി ആർ സീമ, ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, എം പി പ്രശോഭ്, എടിസി പദ്ധതി കോ-ഓർഡിനേറ്റർ കെ ജെ സനീഷ്, ലീഗൽ ഹെഡ് അഡ്വ ബാബു പട്ടത്താനം, കെ എസ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.