വനിതകള്‍ക്കായുള്ള തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു

കുടുംബത്തിലെ പരിമിതികളും ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ദവും മൂലം പലപ്പോഴും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിച്ച് നേടിയ ജോലി ഉപേക്ഷിക്കേണ്ടി വരാറുണ്ടന്നും സ്വന്തമായ ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നതിന് പോലും സ്ത്രീകൾക്ക്  അവസരം ലഭിക്കാറില്ലന്നും ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പുറത്തു കടന്നാല്‍ മാത്രമേ സ്ത്രീക്ക് ജീവിതത്തിൽ വിജയിക്കാനാവൂ.

അത്തരമൊരു ചുവടുവെയ്പ്പിനായി വനിതകളെ പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന വേദിയാണ് ഇത്തരത്തിലുള്ള തൊഴില്‍മേളകളന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. കേരള നോളജ് ഇക്കണോമി മിഷന്‍ കരിയര്‍ ബ്രേക്ക് ആയ വനിതകള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന് പറയാറുണ്ട്. പക്ഷേ ഒരു സ്ത്രീയുടെ വിജയത്തിനു പിന്നില്‍ പലപ്പോഴും അവള്‍ മാത്രമാകും ഉണ്ടാവുക. വിവാഹം, കുട്ടികള്‍, വീട്ടുജോലി എന്നിങ്ങനെ കാലങ്ങളായി തുടരുന്ന വൃത്തത്തിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ ഇന്നും പല സ്ത്രീകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. പക്ഷേ അതിനനുസരിച്ചുള്ള തൊഴില്‍മേഖലകളിലേക്ക് അവര്‍ കടന്നുവരുന്നില്ല.

വിദ്യാഭ്യാസം എന്നത് ഒരിക്കലും അവസാനിക്കുന്ന പ്രക്രിയയല്ല. കോവിഡ് കാലഘട്ടത്തില്‍, കോള്‍ സെന്ററുകള്‍, മാളുകള്‍, ഹോംഡെലിവറി, ഓണ്‍ലൈന്‍ വിപണി തുടങ്ങി അനേകം മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തൊഴിലധിഷ്ഠിതമായ വിവിധ ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ ഇന്ന് പുതിയ തൊഴിലുകള്‍ പഠിക്കാനുള്ള സാധ്യതകളുമുണ്ട്.

വീടനുള്ളിലെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പുതിയ തൊഴിലും ഭാഷയും പഠിക്കാനും അവ പ്രാവര്‍ത്തികമാക്കാനുമുള്ള സമയം സ്ത്രീകള്‍ കണ്ടെത്തണം. കിട്ടുന്ന അവസരം പാഴാക്കാതെ വിനിയോഗിക്കുകയാണ് ഓരോ സ്ത്രീയും ചെയ്യേണ്ടത്. അതിനവരെ പ്രാപ്തരാക്കുകയെന്ന വലിയ ഉത്തരവാദിത്തം ജില്ലാഭരണകൂടത്തിനുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പൂജപ്പുര എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച മേളയില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു.വി.സി അദ്ധ്യക്ഷത വഹിച്ചു. ഏ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജി യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാജശ്രീ.എം.എസ്, കേരള നോളജ് ഇക്കണോമി മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. മധുസൂദനന്‍.സി, എം സലീം, എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ എം.അബദുള്‍ റഹ്മാന്‍, കെ-ഡിസ്‌ക് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജിത പി.പി, പ്രയാണ സി ഇ ഒ ഡോ. ചന്ദ്രവദന, വുമണ്‍ ഇന്‍ക്ലുസീവ് ഇന്‍ ടെക്നോളജിയുടെ പ്രസിഡന്‍ഡ് ടീന ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.