അഴിമതിരഹിത ജനസൗഹൃദ സദ്ഭരണ ഗ്രാമ പഞ്ചായത്തുകള്‍ എന്ന ആശയം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്ത് തലം മുതല്‍ ഡയറക്ടറേറ്റ് തലം വരെ ആഗസ്റ്റ് എട്ടുമുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലം വിജിലന്‍സ് വാരമായി ആചരിക്കുമെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഈ ദിനങ്ങളില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് അഴിമതിരഹിത ജനസൗഹൃദ സദ്ഭരണ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബോധവത്കരണ ക്ലാസുകള്‍, പൊതു പരിപാടികള്‍, പ്രശ്‌നോത്തരി മുതലായവ സംഘടിപ്പിക്കുകയും വിവിധ വിഷയങ്ങളില്‍ മികവു തെളിയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കുകയും ചെയ്യും.
വിജിലന്‍സ് വാരാചരണത്തിനു മുന്നോടിയായി പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക പരിശോധന നടത്തി ഓഫീസ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ക്രമപ്പെടുത്തലും നടത്തും.
സേവനം തേടിയെത്തുന്നവരോട് ഓഫീസ് മേധാവി ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തുനിന്നു നല്ല പെരുമാറ്റം ഉണ്ടാകണം. സേവനം സമയബന്ധിതമായി ലഭ്യമാക്കാതിരിക്കുന്നതിന് നിയമങ്ങളിലും ചട്ടങ്ങളിലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളിലുമുള്ള ജീവനക്കാരുടെ അജ്ഞത കാരണമാകുന്നതിനാല്‍ എല്ലാ ജീവനക്കാര്‍ക്കും ഇടവേളകളില്‍ ഇന്‍ സര്‍വീസ് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഓഫീസ് മേധാവികള്‍ നടപടി സ്വീകരിക്കണം. സേവനാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ അപേക്ഷ നല്‍കണമെന്നും സേവനം ലഭ്യമാകുന്ന പരമാവധി സമയക്രമവും ഗ്രാമപഞ്ചായത്തുകളില്‍ പൊതുജനങ്ങള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പൗരാവകാശ രേഖ കാലികമാക്കി എല്ലാ പഞ്ചായത്തുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തി ഇതു സംബന്ധിച്ച ജില്ലാതല റിപ്പോര്‍ട്ട് ആഗസ്റ്റ് 15നകം ലഭ്യമാക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.
