* നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു
അഡ്വാൻസ്ഡ് വൈറോളജി തിരുവനന്തപുരത്ത് 2019 ജനുവരി അവസാനം ഉദ്ഘാടനം ചെയ്യാവുന്ന രീതിയിൽ നിർമാണം പുരോ്ഗമിക്കുന്നു. നിർമാണപുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. തോന്നയ്ക്കലിൽ കെ.എസ്.ഐ.ഡി.സിയുടെ ബയോ ലൈഫ് സയൻസ് പാർക്കിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
അഞ്ച് ഏക്കർ ഭൂമിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലേക്കുളള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്റെ നിർമ്മാണം 2019 ജനുവരിയിലും പ്രധാന കെട്ടിടത്തിന്റെ (78,000 ചതുരശ്ര അടി) നിർമ്മാണം ജൂലൈയിലും പൂർത്തിയാകും. തുടക്കത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എട്ടു ഡിവിഷനുകളുണ്ടാകും. അന്താരാഷ്ട്രതലത്തിൽ പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടന നിർദേശിച്ച എല്ലാ ജൈവ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ചീഫ് സെക്രട്ടറി ടോം ജോസ്, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, കെ.എസ്.ഐ.ഡി.സി എം.ഡി. ഡോ.ബീന, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ബയോടെക്നോളജി കമ്മീഷൻ അഡൈ്വസർ ജി.എം. നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.