തിരുവനന്തപുരത്ത് കെ.ടി.ഡി.സി സ്ത്രീകൾക്കായി ആരംഭിക്കുന്ന ഹോസ്റ്റസ് ഹോട്ടൽ പദ്ധതി വിജയകരമായാൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ സുരക്ഷാ പദ്ധതികളിലെ പുത്തൻ നാഴികക്കല്ലാണ്് ഹോസ്റ്റസ് ഹോട്ടലെന്നും അദ്ദേഹം പറഞ്ഞു. തമ്പാന്നൂരിലെ കെഡിടിഎഫ്‌സി സമുച്ചയത്തിൽ നിർമിക്കുന്ന ഹോസ്റ്റസ് ഹോട്ടൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കായി സ്ത്രീകൾ നടത്തുന്ന ഹോട്ടൽ എന്ന സങ്കൽപ്പത്തിലാണ് കെ.ടി.ഡി.സി ഹോസ്റ്റസ് ഹോട്ടലുകൾ വരുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ഇതാദ്യം. രാജ്യാന്തര നിലവാരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണു ഹോട്ടൽ നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 22 മുറികളും ഒരേ സമയം 28 പേർക്ക് ഉപയോഗിക്കാവുന്ന ഡോർമിറ്ററിയും ഉണ്ടാകും. മുറിക്ക് 1500ഉം ഡോർമിറ്ററിക്ക് അഞ്ചു മണിക്കൂറിന് 500 രൂപയുമായിരിക്കും നിരക്കെന്ന് അദ്ദേഹം അറിയിച്ചു.
നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന ഇടമായിരിക്കും കെ.ടി.ഡി.സി ഹോസ്റ്റസ് ഹോട്ടലെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്മി, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ ആർ. രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.