വേളി ടൂറിസം വില്ലേജിൽ 3-സ്റ്റാർ ഹോട്ടലും 800 പേർക്ക് ഇരിക്കാവുന്ന കൺവൻഷൻ സെന്ററും നിർമിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിനോദ സഞ്ചാരികൾക്ക് ട്രെയിനിൽ സഞ്ചരിച്ച് കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ട്രെയിൻ സർവീസ് പദ്ധതിയും ഇവിടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേളി ടൂറിസ്റ്റ് വില്ലേജിലെ സുരക്ഷാ പദ്ധതികളുടേയും നവീകരണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
25 മുറികളുള്ള ത്രീ സ്റ്റാർ ഹോട്ടലാണ് വേളി ടൂറിസം വില്ലേജിൽ വിഭാവനം ചെയ്തിരിക്കുന്നത്. 10 കോടി ചെലവിലാണ് കൺവൻഷൻ സെന്റർ നിർമിക്കുക. വേളി ടൂറിസം വില്ലേജിന്റെ മുഖഛായ മാറ്റാനായി തയാറാക്കുന്ന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാകും ഇതു പൂർത്തിയാക്കുക. ടൂറിസം വികസനത്തോടൊപ്പം കൂടുതൽ പേർക്ക് തൊഴിൽ നൽകാനും അതുവഴി ഉത്തരവാദിത്ത ടൂറിസം എന്ന ലക്ഷ്യം വേളിയിലും യാഥാർഥ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വേളി ടൂറിസ്റ്റ് വില്ലേജുമായി ബന്ധപ്പെടുത്തി രണ്ടര കിലോമീറ്റർ നീളത്തിലാണു ട്രെയിൻ ഓടിക്കുകയെന്നു മന്ത്രി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാൻ കഴിയുന്ന ട്രെയിനായിരിക്കും ഇത്. അടുത്ത മാസം പദ്ധതിക്കു ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.
നിരീക്ഷണ ക്യാമറകൾ, സോളാർ വിളക്കുകൾ, നടപ്പാത സൗന്ദര്യവത്കരണം, കുട്ടികളുടെ പാർക്കിന്റെ നവീകരണം, ശംഖുകുളം നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇന്നലെ മന്ത്രി ഉദ്ഘാടനം ചെയ്തത്. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ മേരി ലില്ലി രാജാസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.ഐ.എല്ലിന്റെ സി.എം.ഡി. കെ.ജി. മോഹൻലാൽ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ ആർ. രാഹുൽ, ടൂറിസം അഡീഷണൽ ഡയറക്ടർ മൃൺമയി ജോഷി എന്നിവർ പ്രസംഗിച്ചു.