പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് ജലവൈദ്യൂതി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതലയോഗത്തില്‍ തീരുമാനമായി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പേരാമ്പ്ര എം.എല്‍.എ കൂടിയായ തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് എന്നിവരും വൈദ്യൂതി ബോര്‍ഡ്, ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. പെരുണ്ണാമൂഴി കക്കയം ഡാമിന്റെ മൂന്ന് മെഗാവാട്ട് ജലവൈദ്യുത പദ്ധതി അടുത്തിടെയാണ് കമ്മീഷന്‍ ചെയ്തത്. അന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് തിരുവനന്തപുരത്ത് യോഗം നടന്നത്.
പദ്ധതിക്ക് ഡാം സേഫ്റ്റി അനുമതി ലഭിച്ചിട്ടുണ്ട്. ജലസേചന വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ മൂന്ന് ഭേദഗതികള്‍ ആവശ്യമായിരുന്നു. ഭേദഗതികള്‍ക്ക് ഇന്നത്തെ യോഗം അംഗീകാരം നല്‍കി. പുതിയ ധാരണപത്രം രണ്ടു ദിവസത്തിനകം ഒപ്പുവെക്കുന്നതിനും മന്ത്രിതല യോഗം തീരുമാനിച്ചു. ആറ് മെഗാവാട്ട് ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. ഭേദഗതികളോടെയുളള ധാരണ പത്രമനുസരിച്ച് പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് തീരുമാനം. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിളള. ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോഷി, വൈദ്യുതി വകുപ്പ് മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ്, മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എം. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.