ജില്ലാ പഞ്ചായത്തിന്റെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിട്ടവര്‍ക്കുള്ള ജില്ലാതല കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷനവാസ് പാദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോയിസി സ്റ്റീഫന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ഗീതാ കൃഷ്ണന്‍, കെ ശകുന്തള, സരിത എസ്.എന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ.സജിത്ത്, ജോമോന്‍ ജോസ്, ഷൈലജ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ സ്വാഗതവും സമൂഹ്യ നീതി ഓഫീസ് പ്രതിനിധി അരുണ്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെ ചലന വൈകല്യമുള്ളവര്‍ക്ക് സ്വതന്ത്ര സഞ്ചാര മാര്‍ഗ്ഗവും ഉപജീവന മാര്‍ഗ്ഗവും ലക്ഷ്യമാക്കി 110 മുചക്ര വാഹനങ്ങള്‍ നല്‍കുന്നതിന് തുക വകയിരുത്തിയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ആദ്യ ഘട്ടത്തില്‍ 40 ഗുണഭോക്താക്കള്‍ക്ക് കെല്‍ട്രോണുമായി ചേര്‍ന്നാണ് മുച്ചക്രവാഹനം വിതരണം ചെയ്തത്. 90,000 രൂപ വിലയുള്ള ഹീറോ മയസ്ട്രോയാണ് വിതരണം ചെയ്തത്.