പരമ്പരാഗത വ്യവസായങ്ങളിൽ പ്രധാനമായ കയർ വ്യവസായത്തിന് കൈത്താങ്ങാവുന്ന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുപോവുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാർഷിക പ്രോജക്ടുകൾക്ക് വേണ്ടി കയർഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട് ഉപയോഗിക്കാൻ നിർദേശം നൽകിയത് അതിന്റെ ഭാഗമായാണെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജൈവ പച്ചക്കറി കൃഷിയും പുഷ്പകൃഷിയും മറ്റും നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക്ക് ചട്ടികളും ഗ്രോബാഗും കവറുകളുമാണ് ഉപയോഗിച്ച് വരുന്നത്. ഉപയോഗശൂന്യമാവുമ്പോൾ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവയാണ് ഇവ. പ്രാഥമിക കയർ സഹകരണ സംഘങ്ങളുടെ അപെക്സ് സ്ഥാപനമായ കയർഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയിൽ കൃഷി ചെയ്താൽ പാരിസ്ഥിതികമായ ഒരു പ്രശ്നവും ഉണ്ടാവാൻ സാധ്യതയില്ല.
പരിസ്ഥിതി സൗഹൃദപരമായ നിലപാടിനൊപ്പം കയർ വ്യവസായത്തെ പരിപോഷിപ്പിക്കുന്ന സമീപനത്തിന്റെ ഭാഗമായി കൂടിയാണ് സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുപോവുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉറവിടത്തിലും അല്ലാതെയും മാലിന്യ സംസ്‌കരണത്തിനായി ഉപയോഗിക്കുന്ന ഏറോബിക് കമ്പോസ്റ്റിംഗ് സംവിധാനത്തിൽ മീഡിയനായി ഉപയോഗിക്കുന്ന കൊക്കോ ഗ്രീൻ, കയർ പിത്ത് കമ്പോസ്റ്റ് കൊക്കോ ഫെർട്ട്, കൊക്കോ പോട്ട് എന്നീ ഉൽപ്പന്നങ്ങൾ ടെൻഡറോ, കൊട്ടേഷനോ കൂടാതെ കയർഫെഡിൽ നിന്നും നേരിട്ട് വാങ്ങുന്നതിനായും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.
നിലവിലുള്ള മാർക്കറ്റ് റേറ്റിനെക്കാൾ കൂടുതൽ നിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്തിയാവണം വിപണനം നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഭൂസംരക്ഷണത്തിനും തണ്ണീർത്തട പദ്ധതികളുടെ ഭാഗമായും നിലവിൽ കയർഭൂവസ്ത്രങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന പ്രവണത വളർത്തുന്നതിലൂടെ കയർ വ്യവസായത്തെയും അതുവഴി ഉപജീവനം നടത്തുന്ന തൊഴിലാളികളെയും സംരക്ഷിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.