എറണാകുളം ജനറല്‍ ആശുപത്രിക്കും പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിനും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം വീണ്ടും ലഭിച്ചു.

രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് ഈ അംഗീകാരത്തിന് പരിഗണിക്കുന്നത്.

ജനറല്‍ ആശുപത്രി 91.4 ശതമാനം സ്കോറും സി എച്ച് സി പണ്ടപ്പിള്ളി 91.94 ശതമാനം സ്കോറും സ്വന്തമാക്കിയാണ് നേട്ടം കൈവരിച്ചത്. ആഗസ്ത് മാസത്തിലാണ് അസസ്മെന്‍റ് നടത്തിയത്. കോവിഡ് സാഹചര്യമായിരുന്നതിനാല്‍ ഓണ്‍ലൈനിലായിരുന്നു അസസ്മെന്‍റ്. ഒരു വര്‍ഷത്തിനിടയില്‍ ടീം ആശുപത്രികള്‍ സന്ദര്‍ശിക്കും. ഇതോടെ രണ്ട് ആശുപത്രികള്‍ക്കും എന്‍ ക്യു എ എസ് ഇന്‍സെന്‍റീവ് തുടര്‍ന്നും ലഭ്യമാവും. ഒരു ബെഡിന് പതിനായിരം രൂപ എന്ന നിലയിലാണ് ഇന്‍സെന്‍റീവ് ലഭിക്കുക.

ആരോഗ്യസ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്വാളിറ്റി അസ്വറന്‍സ് പ്രോഗ്രാമിലൂടെ സാധ്യമാകുന്നതായി ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സജിത്ത് ജോണ്‍ പറഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങളെ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പരിപാടികള്‍ നടപ്പിലാക്കിവരികയാണ്. ദേശീയ ആരോഗ്യദൗത്യത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ സൗകര്യങ്ങളിലെയും സേവനങ്ങളിലെയും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഫണ്ടും നല്‍കുന്നുണ്ട്.

കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം വാഴക്കുളം, കുടുംബാരോഗ്യകേന്ദ്രം പായിപ്ര, പ്രാഥമികാരോഗ്യകേന്ദ്രം കോട്ടപടി, കുടുംബാരോഗ്യകേന്ദ്രം മണീട്, നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളായ തൃക്കാക്കര, തൃപ്പൂണിത്തുറ, മൂലംകുഴി, തമ്മനം, കളമശ്ശേരി എന്നിവയാണ് എന്‍ ക്യു എ എസ് ലഭിച്ച ജില്ലയിലെ മറ്റ് സ്ഥാപനങ്ങള്‍.