ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം.

നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. ക്വാറന്റൈന്‍ കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം.

വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍. അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്.

ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. വാക്സിൻ ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും, രണ്ടാം ഡോസ് എടുക്കാൻ സമയമായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിനേഷൻ എടുത്ത് സുരക്ഷിതരാകേണ്ടതാണ്.