കൊല്ലപ്പെട്ടവരുടെ വീടുകൾ മന്ത്രി സന്ദര്‍ശിച്ചു

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുകയാണെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൊല്ലപ്പെട്ട കെ.എസ്. ഷാന്‍, രഞ്ജിത്ത് ശ്രീനിവാസ് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ അറസ്റ്റിലായവര്‍ക്കു പുറമെയുള്ളവരെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങള്‍ മുഖേന നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ വെള്ളക്കിണറിലെ വീട്ടിലും കെ.എസ്. ഷാനിന്റെ മണ്ണഞ്ചേരിയിലെ വീട്ടിലും എത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിത്തിന്റെ അമ്മ വിനോദിനി, ഭാര്യ ലിഷ, സഹോദരന്‍ അഭിജിത്, ഷാനിന്റെ പിതാവ് സലീം, ഭാര്യ ഫന്‍സില, മക്കളായ ഫിബാ ഫാത്തിമ, ലിയാ ഫാത്തിമ എന്നിവരോട് സംസാരിച്ച അദ്ദേഹം അന്വേഷണം കൃത്യമായി പുരോഗമിക്കുന്നതായി അവരെ അറിയിച്ചു.