കുടുപ്പംകുഴി വി.സി ബി യും നടപ്പാലവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന ബദിയഡുക്ക പഞ്ചായത്തിനെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായി ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തുമെന്നും 2024 ഓടെ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂഗര്‍ഭ ജലം താഴ്ന്നുപോകുന്ന പ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയായ മൈക്രോ ഇറിഗേഷന്‍ പദ്ധതിയില്‍ കാസര്‍കോടിന് പ്രത്യേക പരിഗണന നല്‍കും.

കോവിഡ് കാലത്ത് ഓക്‌സിജന്റെ വില മനസ്സിലാക്കിയപോലെ നാം ജലത്തിന്റെ വിലയും മനസ്സിലാക്കേണ്ടതുണ്ട്. വരാന്‍ പേകുന്ന 20 വര്‍ഷത്തേക്കായുള്ള പദ്ധതികളാണ് ജലവിഭവ വകുപ്പും സര്‍ക്കാറും നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ജലസേചനം നാണ്യവിളകള്‍ക്കു കൂടി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. 2018 ല്‍ ആരംഭിച്ച വി.സി.ബിയുടെയും നടപ്പാലത്തിന്റെയും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച എം.എല്‍.എയെയും ഉദ്യോഗസ്ഥരെയും കരാറുകാരനെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. രത്‌നാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എം.ജി.എം കെ.ബി ദിവ്യ, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശൈലജ ഭട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയന്തി, വാര്‍ഡ് മെമ്പര്‍ മാരായ ഹമീദ് പള്ളത്തടുക്ക, അനിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ജഗന്നാഥ ഷെട്ടി, കുഞ്ചാര്‍ മുഹമ്മദ് കുഞ്ഞി ഹാജി, എം.കൃഷ്ണന്‍, മാഹിന്‍ കേളോട്ട്, ദാമോദരന്‍ ബെള്ളിഗെ, ഹരീഷ് നാരമ്പാടി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, അനന്തന്‍ നമ്പ്യാര്‍, അബ്രഹാം തോ ണക്കര , അബ്ദുള്‍ റഹ്മാന്‍ ബാങ്കോട്, അസീസ് കടപ്പുറം, വി.കെ രമേശന്‍, ടിമ്പര്‍ മുഹമ്മദ്, വാട്ടര്‍ യൂസേഴ്‌സ് അതോറിറ്റി സെക്രട്ടറി സത്താര്‍ കടുപ്പംകുഴി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മൈനര്‍ ഇറിഗേഷന്‍ കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി സഞ്ജീവ് സ്വാഗതവും മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോണി മാത്യു നന്ദിയും പറഞ്ഞു.

ബദിയഡുക്ക കുടുപ്പം കുഴിയില്‍ ജലസേചന സൗകര്യം നല്‍കുന്നതിനായി ഷിറിയ പുഴയുടെ പ്രധാന കൈവഴിയായ പള്ളത്തടുക്ക പുഴയില്‍ കുടുപ്പംകുഴിയില്‍ നബാര്‍ഡ് ഫണ്ട് ഗപ്പെടുത്തി നിര്‍മ്മിച്ച വി.സി.ബിയും നടപ്പാലവുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 3.64 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ തുക. 44.55 നീളമുള്ള നിര്‍മ്മിതിയില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും. മുകളിലും താഴെയും ഇരുവശങ്ങളിലുമായി ആവശ്യമായ സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചിട്ടുണ്ട്.

രണ്ട് കിലോമീറ്ററോളം നീളത്തില്‍ ജലം സംഭരിക്കാന്‍ കഴിയുന്ന പദ്ധതിയുടെ മൊത്തം സംഭരണ ശേഷി 11.25 കോടി ലിറ്ററാണ്. ജലസംഭരണത്തിന് ഉപയോഗിക്കുന്ന എഫ്.ആര്‍.പി ഷട്ടറുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സ്റ്റോര്‍ റൂം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു കരകളിലുമുള്ള 95 ഹെക്ടര്‍ കൃഷിസ്ഥലത്ത് ജലസേചന സൗകര്യം ലഭിക്കും. ഇതോടൊപ്പം കടുപ്പം കുഴിയിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും പദ്ധതിയിലൂടെ കഴിയും.