വലിയപറമ്പ: പ്രശാന്ത സുന്ദരമായ വലിയപറമ്പ ഗ്രാമപഞ്ചായത്തിന് അനന്ത സാധ്യതകളാണ് ടൂറിസം മേഖലയിലടക്കം ഉള്ളതെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിൻ്റെ വികസനം സാധ്യമാക്കാൻ ടൂറിസം രംഗത്തടക്കം തദ്ദേശീയമായി ഇനിയുമേറെ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വലിയപറമ്പ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന് നിത്യ മുക്തി സമ്പൂർണ്ണ ഖര ദ്രവ്യ മാലിന്യ സംസ്കരണ പദ്ധതി പ്രകാരം നിർമ്മിച്ച 1500 സോക്കേജ് പിറ്റുകളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1500 വ്യക്തിഗത സോക്കേജ് പിറ്റുകളുടെ നിർമ്മാണം ഒന്നിച്ച് പൂർത്തീകരിച്ചത്. ജനകീയാസൂത്രണ രജത ജൂബിലി മന്ദിരത്തിനും മന്ത്രി തറക്കല്ലിട്ടു. .
ചടങ്ങിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള സ്വാഗതം പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി.ഡി.ഒ സന്തോഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രോജക്ട് ഡയറക്ടറും ജില്ലാ ജോയിൻ്റ് പ്രോഗ്രാം കോഡിനേറ്ററുമായ കെ പ്രദീപൻ, ജില്ലാ ശുചിത്വമിഷൻ അസി. കോർഡിനേറ്റർ സച്ചിൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ.മല്ലിക, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.മനോഹരൻ, പഞ്ചായത്ത് മെമ്പർ എം.അബ്ദുൾ സലാം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.നാരായണൻ (സി.പി.എം), മധു കാരണത്ത് (സി.പി.ഐ), കെ.കെ അഹമ്മദ് ഹാജി (മുസ്ലിം ലീഗ്), കെ ഭാസ്കരൻ (LJD), ഒ.കെ ബാലകൃഷ്ണൻ (NCP), എം.ഭാസ്കരൻ (BJP) എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ നന്ദി പറഞ്ഞു.
ചടങ്ങിൽ ജോയിൻ്റ് ബി.ഡി.ഒ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി ജീവനക്കാർ, പഞ്ചായത്ത് സെക്രട്ടറി, വി.ഇ.ഒ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.