മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും 28ന്

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ (2021 ഡിസംബര്‍ 28ന്) രാവിലെ 11മുതല്‍ തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായവും ആശുപത്രി ചികിത്സാ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പ്രധാനമായും പരിഗണിക്കുന്നത്. അദാലത്തിനോടനുബന്ധിച്ച് ആലപ്പുഴ മേഖലാ ഓഫീസിന്‍റെ പരിധിയില്‍ വരുന്ന ആലപ്പുഴ ജില്ലയില്‍ ആറ് അപേക്ഷകളില്‍ 54.62 ലക്ഷം രൂപയുടെയും കോട്ടയം ജില്ലയില്‍ രണ്ട് അപേക്ഷകളില്‍ 20 ലക്ഷം രൂപയുടെയും ക്ലെയിം തീര്‍പ്പാക്കിയിട്ടുണ്ട്. ഈ തുക അദാലത്തില്‍ വിതരണം ചെയ്യും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.