ആലപ്പുഴ: പൊതുവിതരണ വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാനും നടപടികള്‍ സുതാര്യമാക്കുന്നതിനും ഉപകരിക്കുന്നതാണ് പുതിയ സംവിധാനം. എല്ലാ ഓഫീസുകളിലെയും ഫയലുകള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സുക്ഷിക്കാനും ക്രമീകരണമുണ്ട്.

പൊതുജനങ്ങൾക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെതന്നെ അപേക്ഷകളുടെയും പരാതികളുടെയും സ്ഥിതി eoffice.kerala.gov.in പോര്‍ട്ടല്‍ മുഖേന അറിയാനാകും. റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി അക്ഷയകേന്ദ്രങ്ങൾ മുഖേനയും സിറ്റിസണ്‍ ലോഗിൻ വഴിയും സമർപ്പിക്കാം. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് റേഷൻ കാർഡ് ഡൗൺലോഡ് ചെയത് ഉപയോഗിക്കാം.

പൊതുവിതരണ വകുപ്പിന്റെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും ജനുവരിയോടെ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറാനാണ് ലക്ഷ്യമിട്ടിരുന്നത്. നിശ്ചയിച്ചിരുന്നതിലും നേരത്തെ ഈ നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. ജില്ലാ സപ്ലൈ ഓഫീസിനു പുറമെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസുകളുമുണ്ട്.

ആലപ്പുഴ ജില്ലാ പ്രോജക്ട് മാനേജർ കെ.എസ്. സരിതയുടെ നേതൃത്വത്തിൽ ജീവനക്കാർ ഇ-ഓഫീസ് പരിശീലനം പൂര്‍ത്തിയാക്കി.