സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീഷകള്‍ മാര്‍ച്ചില്‍ നടത്തും. പരീക്ഷാ തീയ്യതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ 2022 മാര്‍ച്ച് 31 മുതല്‍ 2022 ഏപ്രില്‍ 29 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും വി എച്ച് എസ് ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്തും. പ്രധാന പരീക്ഷയോടനുബന്ധിച്ച് മാതൃകാ പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും നടത്തും. എസ് എസ് എല്‍സി മാതൃകാപരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെ നടത്താനാണ് തീരുമാനം. ഹയര്‍സെക്കന്‍ഡറി , വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ 21 വരെയും നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ആയിരിക്കും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ. ഹയര്‍സെക്കന്‍ഡറി ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും. വിഎച്ച് എസ് ഇ പ്രാക്ടികല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 11 വരെയും നടക്കും. വി എച്ച് എസ് സിയ്ക്ക് രണ്ട് തരം പ്രാക്റ്റിക്കല്‍ പരീക്ഷ ഉണ്ടാകും. കോവിഡ് വ്യാപനം കാരണം ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാല്‍ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.