അട്ടപ്പാടിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിലയിരുത്താൻ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ അഗളിമിനിസിവിൽ സ്റ്റേഷനിൽ അവലോകനയോഗം ചേർന്നു. മേഖലയിൽ മദ്യവും മറ്റ് ലഹരി വസ്തുക്കളുടേയും ഉപയോഗം തടയാൻ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപെടുത്താനും പുതിയ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനും യോഗത്തിൽ തീരുമാനമായി.
വകുപ്പുകൾ മുഖേനയുള്ള ബോധവത്ക്കരണം ശക്തമാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
തനത് ഭാഷയിൽ ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തി കൊണ്ടാവും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുക.
ബോധത്ക്കരണത്തിനായി കുടുംബശ്രീ മിഷൻ ഉപയോഗപ്പെടുത്തും.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക ലക്ഷ്യമിട്ട് യൂത്ത് ക്ലബ്ബുകൾ രൂപീകരിക്കും.
പ്രൈമറി ഹെൽത്ത് സെന്ററുകൾ മുഖേന പരമാവധി സേവനങ്ങൾ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതിൻ്റെ ഭാഗമായി ഹെൽത്ത് സെൻ്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ഊര് മൂപ്പൻമാർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്വം ഉറപ്പാക്കി കൊണ്ടാവും ബോധവത്കരണം നടപ്പാക്കുക.
ആരോഗ്യം, എക്സൈസ്, പോലീസ്, വനം, കുടുംബശ്രീ, ഐ.സി.ഡി.എസ്, ഐ.ടി.ഡി.പി. തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു