കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ ഒന്നാംഘട്ടമായി നടപ്പാക്കുന്ന ഭൂമിയേറ്റെടുക്കല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തര്‍ക്കരഹിത ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയ ഭൂവുടമകള്‍ക്ക് 2,42,45,530/- നഷ്ടപരിഹാരതുക ജില്ലാ കലക്ടര്‍ അംഗീകരിച്ചതായും രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്ത ഭൂവുടമകള്‍ നഷ്ടപരിഹാരതുക ലഭിക്കുന്നതിന് ആധാരങ്ങളും അനുബന്ധ രേഖകളും ഉടനെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (കിന്‍ഫ) കഞ്ചിക്കോട് കാര്യാലയത്തില്‍ നല്‍കണമെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ കെ.ബി.ഐ.സി) അറിയിച്ചു.

ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിച്ച് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി കൈവശത്തിലെടുക്കുന്ന നടപടികള്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ഓഫീസില്‍ നടന്നു വരികയാണ്. ഇതില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷം ഭൂവുടമകളും ഏറ്റെടുത്ത ഭൂമിയുടെ പ്രമാണങ്ങള്‍ ഹാജരാക്കിയിട്ടുണ്ട്. ഉടമസ്ഥതര്‍ക്കമോ അവകാശികളോ ഇല്ലാത്ത കേസുകളില്‍ നഷ്ടപരിഹാര തുക ബന്ധപ്പെട്ട അതോറിറ്റിയില്‍ കെട്ടിവച്ച് ഭൂമി കിന്‍ഫ്രക്ക് കൈമാറുമെന്നും സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ കെ.ബി.ഐ.സി) അറിയിച്ചു.