ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന്  ദേശീയ സഫായി കര്‍മചാരിസ് അംഗം ഡോ.പി.പി. വാവ പറഞ്ഞു. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരും ശുചിത്വ തൊഴിലാളികളും  പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.സമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തിന് ശുചീകരണ തൊഴിലാളികള്‍ ചെയ്യുന്ന സേവനം വലുതാണ്.ശുചീകരണ തൊഴിലാളികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിവരുന്നത്.

ശുചീകരണ തൊഴിലാളികളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനുതകുന്ന  പ്രവര്‍ത്തനങ്ങളാണ്  ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ നടത്തുന്നത്. ശുചിത്വ തൊഴിലാളികളെയും കുടുംബത്തെയും ആധുനിക രീതിയിലുള്ള തൊഴിലിടങ്ങളിലേക്ക് മികച്ച വരുമാനത്തോടെ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നു. ഇവര്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും മറ്റുമുള്ള  പരിശീലനവും നടത്തിവരുന്നു.വിദ്യാഭ്യാസ മേഖലയില്‍ ശുചിത്വ തൊഴിലാളികളുടെ മക്കളായ  വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെതിരെ മുന്നണി പോരാളികളായി ശുചികരണ തൊഴിലാളികള്‍ നടത്തിയ സേവനം പ്രശംസനീയമാണ്.

ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ അര്‍ഹമായ മുഴുവന്‍ ആനുകൂല്യവും ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍  ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സംരംഭങ്ങള്‍ തുടങ്ങുവാന്‍  ബാങ്കുകള്‍ മുഖേന സര്‍ക്കാര്‍  നടപ്പിലാക്കുന്ന  ധന സഹായ പദ്ധതികള്‍  ഫലപ്രദമായി ഉപയോഗിക്കണമെന്നും ദേശീയ സഫായി കര്‍മചാരിസ് അംഗം പറഞ്ഞു.

ശുചീകരണ തൊഴിലാളികളെ സമൂഹത്തിന്റെ മുന്‍പന്തിയിലേക്ക്  ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍  സര്‍ക്കാര്‍തലത്തില്‍  നടപ്പാക്കിവരുന്നതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.ജില്ലയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളുടെ ഉന്നമനത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി,സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡ്വ.ഗോപി കൊച്ചുരാമന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നയിസി റഹ്മാന്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, നഗരസഭ സെക്രട്ടറിമാര്‍, ശുചീകരണ തൊഴിലാളി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.