ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ഓരോ വിദ്യാർത്ഥിയുടെയും അവകാശം യാഥാർത്ഥ്യമാക്കാൻസർക്കാരിന് സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോട്ടക്കടപ്പുറം ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനവും കുട്ടികളുടെ പാർക്കിന്റെ സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണുണ്ടായത്. ആധുനിക കെട്ടിടത്തോടൊപ്പം അക്കാദമിക വിഷയങ്ങളിൽ ഗുണമേന്മ വർദ്ധിപ്പിക്കാനും സർക്കാരിന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയും സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ വികസനമാണ് കൈവരിക്കുന്നതെന്നും മന്ത്രി
കൂട്ടിചേർത്തു.

എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ, വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബി ബീന, പി ടി എ പ്രസിഡന്റ് പി കെ ഷിനോദ്, പ്രധാന അധ്യാപിക യു വി സുമ എന്നിവർ പങ്കെടുത്തു.