കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനില്‍ മ്യൂസിക്കല്‍ സ്റ്റെയര്‍ ഏര്‍പ്പെടുത്തുന്നു. പടികളിലൂടെ നടക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ പ്രമുഖ ഗായിക ആര്യ ദയാല്‍ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാവുന്ന വിധത്തില്‍ മ്യൂസിക് നോട്ടുകളും കീയും പടികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും.

വിവിധ കംപ്യൂട്ടര്‍ പ്രോഗ്രാംസ് ഉപയോഗിച്ച് ട്രിയാക്‌സിയ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിലെ ((Triaxia Infotech Pvt Ltd) അഖില്‍, സ്മൃതി, ആനന്ദ്, ഹെന എന്നിവരാണ് കെ.എം.ആര്‍.എല്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്റെ ഏകോപനത്തില്‍ കൊച്ചി മെട്രോയ്ക്കുവേണ്ടി ഈ മ്യൂസിക്കല്‍ സ്റ്റെയര്‍ തയ്യാറാക്കിയിരിക്കുന്നത്. പടികള്‍ കയറുന്നതും ഇറങ്ങുന്നതും മികച്ച ആരോഗ്യശീലമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പശ്ചാത്തലത്തില്‍ അതിനുള്ള അവസരം കൂടി കെ.എം.ആര്‍.എല്‍ ഒരുക്കുകയാണ്.