വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റ് മത്സര ഘോഷയാത്രയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ അഡ്വ എം വി പോൾ പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്. ബാങ്ക് അവതരിപ്പിച്ച പൂതനും തിറയും ഫ്ളോട്ടാണ് ഒന്നാമതെത്തിയത്.

പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് അവതരിപ്പിച്ച ചവിട്ടു നാടകം രണ്ടാം സ്ഥാനം നേടി. മുന്നാം സ്ഥാനം രണ്ടു ഫ്ളോട്ടുകൾ പങ്കിട്ടു.നായരമ്പലം സർവീസ് സഹകരണ ബാങ്ക് അവതരിപ്പിച്ച കാള പൂട്ടിന്റെ സന്നാഹം ഉൾക്കൊണ്ട് നാടൻ പാട്ടിൻ്റെ അകമ്പടിയോടെ അവതരിപ്പിച്ച ദൃശ്യവും സമന്വയ വേദി അവതരിപ്പിച്ച വഞ്ചിപ്പാട്ട്,കഥകളി,മോഹിനിയാട്ടം എന്നിവ സമന്വയിപ്പിച്ച ദൃശ്യവുമാണ് സമ്മാനാർഹമായത്.

കുഴുപ്പിള്ളി ബീച്ചിൽ ഘോഷയാത്രയുടെ സമാപനത്തിൽ അഡ്വ എം വി പോളിന്റെ സഹോദരൻ ഐ എസ് എസ് ഡി സിഇഒ എം വി തോമസും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ഒന്നാം സ്ഥാനത്തിനുള്ള ഒരുലക്ഷം രൂപയും രണ്ടാമതെത്തിയവർക്കുള്ള അരലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്കുള്ള 25000 രൂപയും ഫലകങ്ങളും സമ്മാനിച്ചു. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയും ഫെസ്റ്റ് ഭാരവാഹികളും സന്നിഹിതരായി.