കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയുടെ മുഖമുദ്രയായ ചീനവലകളെ സംരക്ഷിക്കുന്നത് സംസ്‌കാരത്തെ സംരക്ഷിക്കലാണൈന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. ഫോര്‍ട്ട്‌കൊച്ചി ചീനവലകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവന്‍ വയ്ക്കുകയാണ്. ഈ വര്‍ഷം പദ്ധതി കണ്ടെത്തിയതിന് ശേഷം വളരെ വേഗത്തില്‍ ആവശ്യമായ തടി ലഭ്യമാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഫോര്‍ട്ട്‌കൊച്ചി. അതിനാല്‍ തന്നെയാണ് സര്‍ക്കാര്‍ വേഗത്തില്‍ ഈ പദ്ധതി ആരംഭിച്ചത്. ഇതിന് ആവശ്യമുള്ള നടപടികള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഉളിയും വടിയും കൊണ്ട് ചീനവലകള്‍ നിര്‍മ്മിക്കുന്ന തടിയില്‍ കൊട്ടിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ചീനവലകളുടെ പാരമ്പര്യത്തനിമ നിലനിര്‍ത്തിയാണ് നവീകരണം.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഒന്നര കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. 11 ചീനവലകളാണ് നവീകരിക്കുന്നത്. പദ്ധതിക്കായി വനംവകുപ്പില്‍ നിന്നും തേക്ക് തടികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഒന്‍പത് മീറ്ററോളം നീളമുള്ള തേക്കിന്‍ തടിയിലാണ് ചീനവലകളുടെ നിര്‍മ്മാണം. കൊച്ചിയുടെ സമഗ്ര വികസനത്തിന് ഈ പദ്ധതി ഉതകുമെന്നാണ് കരുതുന്നത്. മന്ത്രി, എം.എല്‍.എ, മേയര്‍ എന്നിവര്‍ക്ക് ചീനവലയുടെ ചെറിയ ഘടനകള്‍ സമ്മാനമായി നല്‍കി. ഹേംസ്‌റ്റേ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹേംസ്‌റ്റേ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള (ഹവാസ്) യുടെ ചെയര്‍മാനും കൊച്ചി എം.എല്‍.എയുമായ കെ.ജെ മാക്‌സി, ജനറല്‍ സെക്രട്ടറി ജോസഫ് ഡൊമിനിക്, മറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കി.
ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ കെ.പി, ഡെപ്യൂട്ടി ഡയറക്ടര്‍ ഹുസൈന്‍ എം, ഡി.റ്റി.പി.സി സെക്രട്ടറി വിജയകുമാര്‍ എസ്, കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ ബെനഡിക്റ്റ് ഫെര്‍ണാണ്ടസ്, ഷീബ ലാല്‍, സീനത്ത് റഷീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.