വികസന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
ശ്രീനാരായാണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഗുരു ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വൈവിധ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ.
ചെമ്പഴന്തി ഗുരുകുലത്തില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച വികസന ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്പഴന്തി ഗുരുകുലത്ത് 17 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. ആദ്യഘട്ടമായി ഓഫീസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഡിജിറ്റല്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. അടുത്ത തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഡിജിറ്റല്‍ മ്യൂസിയം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയും സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായി വന്നിട്ടുള്ളതാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.