തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി  കളക്ടറേറ്റില്‍ സ്ഥാപിച്ച റോള്‍ അപ്പ് സ്റ്റാന്‍ഡ് കളക്ടര്‍ നവജ്യോത് ഖോസ പ്രകാശനം  ചെയ്തു.  ഇതിലൂടെ  വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായം, അഭയ കിരണം, മംഗല്യം, പടവുകള്‍, പൊന്‍വാക്ക്, ബാലനിധി തുടങ്ങിയ നിരവധി  പദ്ധതികള്‍ പരിചയപ്പെടാന്‍  പൊതുജനങ്ങള്‍ക്ക്   സാധിക്കും. കൂടാതെ  രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണയുമായി പാരന്റിംഗ് ക്ലിനിക്കുകള്‍, ന്യൂട്രീഷന്‍ കൗണ്‍സിലിംഗ് എന്നിങ്ങനെ വിവിധ സേവനങ്ങളും  വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.

പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ അടുത്തുള്ള അങ്കണവാടികളിലോ ഐ. സി. ഡി. എസ് ഓഫീസുമായോ  ബന്ധപ്പെടേണ്ടതാണ്. വകുപ്പിന്റെ  ഫോണ്‍ നമ്പറും വെബ്‌സൈറ്റ് വിവരങ്ങളും റോള്‍ അപ്പ് സ്റ്റാന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റ്  അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐ. സി. ഡി. എസ് ജില്ലാ  പ്രോഗ്രാം ഓഫീസര്‍ കവിതറാണി രഞ്ജിത്, ഐ. സി. ഡി. എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.