അമ്പൂരി, വാഴിച്ചൽ, വെള്ളറട മേഖലകളില്‍ ചൊവ്വാഴ്ച(ഡിസംബര്‍ 28) രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.
ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് റിസ്‌ക് അനലിസ്റ്റ്  പ്രദീപ് ജി.എസ്, ജിയോളജിസ്റ്റ് അജിന്‍.ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ മേഖലകളിലേക്കയച്ച് പഠനം നടത്തിയ ശേഷമാണ് മന്ത്രി പ്രതികരിച്ചത്.

ഭൗമശാസ്ത്ര കേന്ദ്രത്തിലെ മാപിനിയില്‍ 1.9 സ്‌കെയില്‍ രേഖപ്പെടുത്തിയ ചലനം ‘ട്രമര്‍’ എന്ന വിഭാഗത്തില്‍ ആണെന്നും ഭൗമാന്തര്‍ ഭാഗത്തുണ്ടാകുന്ന മര്‍ദ്ദം പാറകള്‍ സ്ഥിതിചെയ്യുന്ന മേഖല വഴി പുറത്തേക്ക് തള്ളുന്ന പ്രതിഭാസമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭവനങ്ങള്‍ വിദഗ്ധസംഘം സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയതായും മന്ത്രി അറിയിച്ചു.