കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ആസൂത്രിത ശ്രമങ്ങളാണ് കേന്ദ്രസർക്കാറും ആഗോള സാമ്പത്തിക ഭീമൻമാരും നടത്തുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.  കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും  കേരള ബാങ്ക് കണ്ണൂർ റീജ്യണൽ ഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദുരന്തങ്ങളിലും ദുരിതങ്ങളിലും നിത്യജീവിതത്തിലും സംസ്ഥാന സർക്കാറിനൊപ്പം അനുബന്ധമായി വലിയ ദൗത്യങ്ങളാണ് സഹകരണ മേഖല നടത്തിയത്.  പ്രളയ ശേഷം ആദ്യഘട്ടത്തിൽ 2074 വീടുകൾ നിർമിച്ചും പിന്നീട് ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചും  സഹകരണ മേഖല മാതൃകയായി.  കൊവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഉപകരണങ്ങൾ വാങ്ങാൻ 92 കോടി രൂപയാണ് സഹകരണ പ്രസ്ഥാനങ്ങൾ വായ്പ നൽകിയത്. പാവപ്പെട്ടവർക്കായി എല്ലാ ജില്ലയിലും സൗജന്യ ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം.  ഇത്തരത്തിൽ നിരവധി ആശ്വാസ പ്രവർത്തനങ്ങളാണ് സഹകരണ മേഖല നടത്തിയത്.
യുവജനങ്ങളും വനിതകളും ഉൾപ്പെടെ നിരവധി പേരാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നത്. കേരളാ ബാങ്ക് പുതുതലമുറ ബാങ്കുകളോട് മത്സരിക്കുന്ന നിലയിലേക്ക് മാറുകയാണ്.  ഇങ്ങനെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ കൂടെ പരിഗണിച്ച് കുതിക്കുകയാണ് സഹകരണ മേഖല മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ജീവനാഡിയായ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.  ഇതിന് റിസർവ് ബാങ്കിനെയും ആഗോള സാമ്പത്തിക ഭീമൻമാരെയും ഉപയോഗപ്പെടത്തുകയാണ്.  യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ് ആർ ബി ഐ നോട്ടീസായി നൽകുന്നത്.
ഒരു നിക്ഷേപകനും ഇതുവരെ നൽകാത്ത കേന്ദ്ര നിക്ഷേപ ഗ്യാരണ്ടി സ്‌കീം ആണ് ഒരായുധം. സംസ്ഥാനത്തിന്റെ നിക്ഷേപ ഗ്യാരണ്ടി രണ്ട് ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്താനാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. മെമ്പർഷിപ്പാണ് മറ്റൊന്ന്. വിവിധ കാറ്റഗറികളിൽ മെമ്പർഷിപ്പ് നൽകുന്നതിന്റെ പേരിലാണ് പ്രചാരണം. എന്നാൽ ഇതുസംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ നിയമപരിരക്ഷയുണ്ട്. ബാങ്ക് എന്ന പദത്തിന്റെ പേരിലാണ് മറ്റൊരു പ്രശ്‌നം.  സഹകരണ സ്ഥാപനങ്ങൾ അതിലെ അംഗങ്ങൾക്കാണ് വായ്പ നൽകുന്നതും പണം പിരിക്കുന്നതും. വസ്തുതകൾ ഇതായിരിക്കെ തീർത്തും വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ് നടക്കുന്നത്.
ഒരു കൂട്ടം മാധ്യമങ്ങൾ ഇതിനെ അനുകൂലിക്കുന്നുമുണ്ട്-മന്ത്രി പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് സഹകരണ പ്രസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ബോർഡ്  അധികാരമേറ്റശേഷം ഇതുവരെ 6227 അപേക്ഷകളിൻമേൽ 49.32 കോടി രൂപ റിസ്‌ക്  ഫണ്ട് പദ്ധതി പ്രകാരം സഹായധനം അനുവദിച്ചു.  ജില്ലയിൽ 1066 ഫയലുകൾ തീർപ്പാക്കി.  7.20 കോടി രൂപയാണ് വിതരണം ചെയ്തത്.  ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി.
താലൂക്കുകൾക്കുള്ള റിസ്‌ക് ഫണ്ട് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ (കണ്ണൂർ, തലശ്ശേരി), റെയ്ഡ്‌കോ ചെയർമാൻ വത്സൻ പനോളി (തളിപ്പറമ്പ്),  കണ്ണൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി മുകുന്ദൻ (കൂത്തുപറമ്പ്), കണ്ണൂർ ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി രാമകൃഷ്ണൻ (പയ്യന്നൂർ), ജോയിന്റ് രജിസ്ട്രാർ (ഓഡിറ്റ്) ഇ രാജേന്ദ്രൻ (ഇരിട്ടി) എന്നിവർ നിർവഹിച്ചു.  സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ, ജോയിന്റ് രജിസ്ട്രാർ പി ഷാജി, കേരള ബാങ്ക് ജോയിന്റ് ഡയറക്ടർ എം പി രഞ്ജിത്ത് കുമാർ, അസി. രജിസ്ട്രാർ (ജനറൽ) പി രതീദേവി, അസി. രജിസ്ട്രാർ (ഓഡിറ്റ്) എസ് പി കൃഷ്ണരാജ്, കെ ശ്രീധരൻ, കെ സുരേഷൻ, എം എൻ രവീന്ദ്രൻ, സി പി ഷൈജൻ, കെ പി അബ്ദുൽ നാസർ, ബി ജയൻ എന്നിവർ സംബന്ധിച്ചു.