കോവിഡ് കാലത്തും ക്ഷീരകർഷകർക്ക് താങ്ങാകാൻ ക്ഷീര സംഘങ്ങൾക്കായെന്ന് ദേവസ്വം, പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷീരവികസന വകുപ്പിന് കീഴിൽ വടക്കാഞ്ചേരി ബ്ലോക്ക്, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു.

ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്ഷീരകർഷക സംഗമം വടക്കാഞ്ചേരി ബ്ലോക്കിന് പരിധിയിലുള്ള ക്ഷീരകർഷകരുടെ കൂട്ടായ്മയ്ക്ക് വേദിയായി.

പരിപാടിയുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് 2021-22 വാർഷിക പദ്ധതിയിൽ ക്ഷീര വികസന സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, ഡയറി എക്സിബിഷൻ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ കർഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പരിപാടിയിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി നഫീസ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ മേലേടത്ത്, മുള്ളൂർക്കര ക്ഷീര സംഘം പ്രസിഡന്റ്‌ കെ അച്യുതൻ, വടക്കാഞ്ചേരി ക്ഷീര വികസന ഓഫിസർ നന്ദിനി ടി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.